സംസ്ഥാന ഐ.റ്റി സെൽ (റവന്യൂ) നടപ്പിലാക്കി വരുന്ന വിവിധ ഇ-ഗവേണൻസ് പദ്ധതികൾ ചുവടെ ചേർക്കുന്നു.

 ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡേണൈസേഷൻ പ്രോഗ്രാം (ഡി.ഐ.എൽ.ആർ.എം.പി)

        ഇ-ഗവേണൻസിൻറെ ഭാഗമായി കേന്ദ്രാവിഷ്കൃത ഭൂരേഖ കമ്പ്യൂട്ടർവത്കരണപദ്ധതി, റവന്യൂ ഭരണശാക്തീകരണം, ഭൂരേഖ നാളതീകരണം എന്നീ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടാണ് ദേശീയതലത്തിൽ ഡി.ഐ.എൻ.എൽ.ആർ.എം.പി പദ്ധതി നടപ്പിലാക്കുന്നത്. ഭൂമി സംബന്ധിച്ച എല്ലാ രേഖകളുടെയും കമ്പ്യൂട്ടർവത്കരണം, മാപ്പുകളുടെ ഡിജിറ്റൈസേഷൻ, സർവ്വേ സെറ്റിൽമെൻറ് രേഖകളുടെ നാളതീകരണം, രജിസ്ട്രേഷൻ വകുപ്പിൻറെ കമ്പ്യൂട്ടർവത്കരണം, കമ്പ്യൂട്ടർ ശൃംഖലയിലൂടെ റവന്യൂ - രജിസ്ട്രേഷൻ - സർവ്വേ വകുപ്പുകളുടെ ഏകോപനം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ വിവിധ ഘടകങ്ങൾ. ഇതിൻറെ ഭാഗമായി ReLIS എന്ന പദ്ധതി 15.09.2011 ന് പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ ആരംഭിച്ചു.

ഡി.ഐ.എൽ.ആർ.എം.പി പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച വിവിധ ഓൺലൈൻ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ടും പുതിയ സങ്കേതങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടും സംസ്ഥാനത്തുടനീളം ReLIS (Revenue Land Information System) നടപ്പിലാക്കി വരുന്നു.

ഭൂവിവരങ്ങളുടെ കമ്പ്യൂട്ടർവത്കരണം (Textual Data Digitization)

       സംസ്ഥാനത്തെ റീസർവ്വെ പൂർത്തിയായതും അല്ലാത്തതുമായ എല്ലാ വില്ലേജുകളിലേയും ഭൂവിവരങ്ങൾ ഘട്ടംഘട്ടമായി ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. റീസർവ്വെ പൂർത്തിയായ വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റർ ഡിജിറ്റൈസ് ചെയ്ത് ഓൺലൈൻ സേവനങ്ങളായ ഇ-പോക്കുവരവും ഇ-പെയ്മെൻറ് വഴിയുള്ള ഭൂനികുതി ശേഖരണവും നടപ്പിലാക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. അനുക്രമമായി തണ്ടപ്പേർ വിവരങ്ങളും ഡിജിറ്റൈസ് ചെയ്ത് ഭൂരേഖ സംവിധാനവുമായി സംയോജിപ്പിക്കുന്നു. സംസ്ഥാനത്തെ 1664 വില്ലേജുകളിൽ 1633 ഓളം വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി വിവരങ്ങളും 600 ഓളം വില്ലേജുകളിലെ തണ്ടപ്പേർ വിവരങ്ങളും ഇതിനകം തന്നെ ഡിജിറ്ററൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ഇ ഓഫീസ്

       കടലാസ് രഹിത ഓഫീസ് പദ്ധതിയായ ഇ ഓഫീസ് സംവിധാനം ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മുതൽ വില്ലേജ് ഓഫീസ് വരെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ കളക്ട്രേറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസുകളിലും ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലും പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഇ-ഡിസ്ട്രിക്ട് പദ്ധതി

       വില്ലേജ്/താലൂക്ക് ഓഫീസുകളിൽ നിന്നും പൊതുജനങ്ങൾക്കാവശ്യമുള്ള വിവിധ സർട്ടിഫിക്കറ്റുകൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുളള പദ്ധതിയാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി. എപ്പോഴും, എവിടെ നിന്നു വേണമെങ്കിലും സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകുന്നതിനും അവ കൈപ്പറ്റുന്നതിനുമുള്ള ഓൺലൈൻ സംവിധാനമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വില്ലേജ്/താലുക്ക് ഓഫീസുകളിൽ നിന്നും നൽകിവരുന്ന 24 ഇനം സർട്ടിഫിക്കറ്റുകൾ ഈ പദ്ധതി മുഖേന വില്ലേജ് ഓഫീസറുടെ/തഹസിൽദാരുടെ ഡിജിറ്റൽ ഒപ്പോടുകൂടി ഓൺലൈനായി നൽകിവരുന്നു.

ഇ-പെയ്മെൻറ്

         റവന്യൂ വകുപ്പിലെ വിവിധ നികുതികൾ, സാമ്പത്തിക സേവനങ്ങൾ, വിവിധ ഇനം ഫീസുകൾ എന്നിവ ഇ-ട്രഷറി സംവിധാനവുമായി സംയോജിപ്പിച്ചുകൊണ്ട് പൂർണ്ണമായ ഒരു ഇ-പെയ്മെൻറ് പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വകുപ്പ് മുഖേന സർക്കാരിലേക്ക് പിരിച്ചെടുക്കേണ്ടതായ നികുതികളും ഇതര ചാർജ്ജുകളും പൊതുജനങ്ങൾക്ക് കമ്പ്യൂട്ടറിൻറേയോ സ്മാർട്ട് ഫോണിൻറേയോ സഹായത്തോടെ സ്വഗൃഹത്തിലിരുന്നു തന്നെ അടയ്ക്കുവാൻ സാധിക്കുന്ന വിപ്ലവകരമായ ഒരു പരിഷ്കാരമാണ് ഇ-പെയ്മെൻറ് സംവിധാനത്തിലൂടെ സാദ്ധ്യമാകുന്നത്.

റവന്യൂ റിക്കവറി

       കേരള റവന്യൂ റിക്കവറി നിയമപ്രകാരം റിക്കവറി നടപടികൾ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിൻറെ ഭാഗമായാണ് എല്ലാ റിക്വസിഷൻ അതോറിറ്റികളെയും ഉൾപ്പെടുത്തി ആർ.ആർ. ഓൺലൈൻ എന്ന വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുള്ളത്. അർത്ഥനകൾ ഓൺലൈനായി ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്നതിനും റവന്യൂ റിക്കവറി നിയമപ്രകാരമുള്ള തുടർനടപടികൾ കളക്ടറേറ്റ്തലം മുതൽ വില്ലേജ്തലം വരെ പ്രസ്തുത വെബ് ആപ്ലിക്കേഷൻ മുഖേന സ്വീകരിച്ചു വരുന്നു. നിലവിൽ 53231 അർത്ഥനകൾ ആർ.ആർ. ഓൺലൈനിൽ നടപടികളുടെ വിവിധ ഘട്ടങ്ങളിലാണ്.

 

സംയോജിത ഓൺലൈൻ പോക്കുവരവ് (Online Mutation)

       ഭൂസംബന്ധമായി റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകൾ നൽകുന്ന സേവനങ്ങളെ പരസ്പരം ബന്ധപ്പെടുത്തി, കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ പോക്കുവരവ് ഓൺലൈൻ മുഖേന സാധ്യമാക്കുന്നു. ആധുനിക  വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ വസ്തുവിൻറെ പോക്കുവരവ് നടപടികൾ വേഗത്തിലും, സുതാര്യമായും, കുറ്റമറ്റ രീതിയിലും നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടുകൂടിയാണ്  സംയോജിത ഓൺലൈൻ പോക്കുവരവ് പദ്ധതി നടപ്പിലാക്കുന്നത്. 1633 ഓളം വില്ലേജുകളിൽ ഓൺലൈൻ പോക്കുവരവ് സംവിധാനം ഒരുക്കി കഴിഞ്ഞിട്ടുണ്ട്.

       രജിസ്ട്രേഷൻ വകുപ്പിൽ ഓൺലൈനായി ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്കുവരവിനാവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന പോക്കുവരവിനുള്ള അപേക്ഷ (ഫാറം 1ബി) ഭൂമി കൈമാറ്റം ചെയ്യപ്പെടുന്ന വില്ലേജ് ഓഫീസിലേയ്ക്ക് ഓൺലൈനായി ലഭിക്കുന്നു. വില്ലേജ് ഓഫീസർക്ക് രജിസ്ട്രേഷൻ വകുപ്പിൽ നിന്നുള്ള വിവരങ്ങളും (വസ്തു വിൽക്കുന്നയാളിൻറെയും വാങ്ങുന്നയാളിൻറെയും വിവരങ്ങൾ) ലാൻഡ് റെക്കോർഡ്സ് വിവരങ്ങളും ഒരേ വെബ് പേജിൽ ലഭ്യമാകും. വിവരങ്ങൾ പരസ്പരം പൊരുത്തപ്പെടുകയും ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ചട്ടപ്രകാരം മറ്റു നിയമതടസ്സങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ സമയബന്ധിതമായി വില്ലേജ് ഓഫീസർ സബ്ഡിവിഷൻ ആവശ്യമില്ലാത്ത അപേക്ഷകൾ പോക്കുവരവ് ചെയ്യുകയും കക്ഷിയുടെ മൊബൈൽ ഫോണിലേയ്ക്ക് പോക്കുവരവ് നടപടികൾ പൂർത്തീകരിച്ച വിവരം അറിയിക്കുകയും ചെയ്യുന്നു. പോക്കുവരവിനു വിധേയമാകുന്ന സർവ്വേ നമ്പരിലുള്ള ഭൂമിയുടെ എല്ലാ വിവരങ്ങളും ലാൻഡ് റെക്കോർഡ്സ് മാനേജ്മെൻറ് സിസ്റ്റത്തിൽ നാളതീകരിക്കപ്പെടുകയും ഈ സംവിധാനമുള്ള എല്ലാ വകുപ്പുകൾക്കും ഈ വിവരങ്ങൾ ലഭ്യമാകുകയും ചെയ്യും. സബ്ഡിവിഷൻ ആവശ്യമുള്ള പോക്കുവരവ് അപേക്ഷകൾ വില്ലേജ് ഓഫീസർ പരിശോധിച്ച് ഫയൽ കുറിപ്പോടുകൂടി തഹസീൽദാർക്ക് അയയ്ക്കുന്നു. ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ സംഭവിക്കുന്ന പിഴവുകൾ, ലാൻഡ് റെക്കോർഡ്സ് വിവരങ്ങൾ പൊരുത്തപ്പെടാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ അപേക്ഷ ഹോൾഡ് ചെയ്യാനുള്ള സൗകര്യവും ReLIS-ൽ ലഭ്യമാണ്.

        ഭൂമി ആധാരം നടത്തുകയും എന്നാൽ വില്ലേജിൽ പോക്കുവരവ് ചെയ്യാത്തതുമായ ഒട്ടനവധി കേസുകൾ സംസ്ഥാനത്തൊട്ടാകെയുണ്ട്. ഇത്തരത്തിൽ പോക്കുവരവ് ചെയ്യാത്ത ഭൂമി പലതവണ ക്രയവിക്രയം നടത്തുമ്പോൾ വിൽക്കുന്നതോ വാങ്ങുന്നതോ ആയ കക്ഷികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലാൻഡ് റെക്കോർഡ്സിൽ (വില്ലേജ് രേഖകളിൽ) ഉൾപ്പെടാതെ പോകുന്നു. ഇത്തരം കേസുകളിൽ ലാൻഡ് റെക്കോർഡ്സിൽ ഭൂമി അവസാനം പോക്കുവരവ് ചെയ്ത ആളുടെ പേരിൽ നിലനിൽക്കുന്നു. ഭൂമി കൈമാറുന്ന ആളിൻ്റെ  വിവരങ്ങൾ തണ്ടപ്പേരുകണക്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ പോക്കുവരവ് സാധ്യമാവൂ. അതായത് വിൽക്കുന്നയാളിൻറെ പേരിൽ ആധാരപ്രകാരം കൈമാറുന്ന വിസ്തൃതിയിലുള്ള ഭൂമി ഉണ്ടായിരിക്കണം. ReLIS സംവിധാനത്തിൽ ഇത്തരം വിവരങ്ങൾ കൂടി രേഖപ്പെടുത്തിയാൽ മാത്രമേ പോക്കുവരവ് ചെയ്യാൻ സാധിക്കുകയുള്ളൂ.

പോക്കുവരവ് നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ ReLIS-ൽ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.

        ഓൺലൈൻ പോക്കുവരവ് സംവിധാനം നിലവിൽ വരുന്നതിനു മുൻപ് കൈമാറ്റം നടത്തിയതും എന്നാൽ പോക്കുവരവിന് അപേക്ഷിക്കാത്തതുമായ ഭൂമിയും ReLIS ഉപയോഗിച്ച് പോക്കുവരവ് ചെയ്യാനാവും.

        ReLIS സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെ, ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ചട്ടങ്ങളിൽ അനുശാസിക്കുന്ന രീതിയിൽ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനും സംസ്ഥാനത്തെ ലാൻഡ് റെക്കോർഡ്സ് മാനേജ്മെൻറ് സിസ്റ്റം കൃത്യമായും സുസ്ഥിരമായും സുതാര്യമായും സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പൊതുസമൂഹത്തിന് കാര്യക്ഷമമായ സേവനം ഉറപ്പുവരുത്താനും സാധിക്കും.

ആസ്ഥാനം         :      ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്

സ്പെഷ്യൽ ഓഫീസർ:   ജോയിൻറ് കമ്മീഷണർ, ലാൻഡ് റവന്യൂ

ഫോൺ            :      0471 2322947, 9447733947

വെബ്സൈറ്റ്        :     clr.kerala.gov.in/

ഇ-മെയിൽ വിലാസം:   This email address is being protected from spambots. You need JavaScript enabled to view it.

 

 

 

സ്മാർട്ട് റവന്യൂ ഓഫീസ്

       നവീന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി സുതാര്യമായും, കാലതാമസം കൂടാതേയും പൗരന്മാർക്ക് സേവനം പ്രദാനം ചെയ്യുക എന്നതാണ് സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ഉദ്ദേശ്യം. ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെയുള്ള സർട്ടിഫിക്കറ്റ് സേവനങ്ങൾ, സംയോജിത ഓൺലൈൻ പോക്കുവരവ്, ഓൺലൈൻ ടാക്സ് പേയ്മെൻറ് തുടങ്ങിയവ സ്മാർട്ട് റവന്യൂ ഓഫീസിൻറെ ഭാഗമായി നടപ്പിലാക്കുന്നു. റവന്യൂ വകുപ്പിലെ വിവിധ സാമ്പത്തിക സേവനങ്ങൾ ക്രോഡീകരിച്ച് സത്വരവും സുതാര്യവുമായ റവന്യൂ ഭരണത്തിന് കളമൊരുക്കുവാൻ സ്മാർട്ട് റവന്യൂ ഓഫീസ് സഹായിക്കുന്നു. 24 ഇനം സർട്ടിഫിക്കറ്റുകളാണ് ഓൺലൈനായി നൽകിവരുന്നത്.