റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

വില്ലേജ് - റവന്യൂ സംയോജനം

 

റവന്യൂ വകുപ്പിൽ വില്ലേജ് എന്നും റവന്യൂ എന്നുമുള്ള രണ്ട് എസ്റ്റാബ്ലിഷ്‌മെന്റ്കളാണ് നിലനിന്നിരുന്നത്. വില്ലേജ് സർവ്വീസിൽ വരുന്നവർക്ക് ഒരു ഘട്ടത്തിലും താലൂക്കാഫീസിലോ കളക്ടറേറ്റിലോ റവന്യൂ ബോർഡിലോ ജോലി ചെയ്യാൻ കഴിയുമായിരുന്നില്ല. അതുപോലെ തന്നെ റവന്യൂ സർവ്വീസിൽ വരുന്നവർക്ക് വില്ലേജാഫീസുകളിൽ ജോലി ചെയ്യാനും കഴിയുമായിരുന്നില്ല. ശമ്പള പരിഷ്‌ക്കരണത്തിന് വേണ്ടിയുളള 1978-ലെ ശ്രീ. ചന്ദ്രഭാനു കമ്മീഷൻ ഈ രണ്ട് എസ്റ്റാബ്ലിഷ്മെന്റുകളെയും സംയോജിപ്പിക്കാൻ ശിപാർശ ചെയ്തതിൻ പ്രകാരം സംയോജന ഉത്തരവ് 1984-ൽ പുറപ്പെടുവിക്കുകയും ഇത് സംബന്ധിച്ച നിയമ ഭേദഗതി 12.07.1991-ൽ നിലവിൽ വരികയും ചെയ്തു.

റവന്യൂ ബോർഡ്

1957-ലെ കേരള ബോർഡ് ഓഫ് റവന്യൂ ആക്ട് പ്രകാരം റവന്യൂ ബോർഡ് നിലവിൽ വന്നു. റവന്യൂ വകുപ്പിലെ നിർണ്ണായക വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്ന ടി ബോർഡിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർ അംഗങ്ങളായുണ്ടായിരുന്നു . റവന്യൂ, സെയിൽ ടാക്‌സ്, എക്‌സൈസ്, സിവിൽ സപ്ലൈസ്, മോട്ടോർ വാഹന വകുപ്പ് എന്നീ വകുപ്പുകൾ റവന്യൂ ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു. റവന്യൂ ബോർഡ് കൈക്കൊള്ളുന്ന തീരുമാനം മറികടക്കുവാൻ മന്ത്രിസഭയ്ക്ക് മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. 1997-ൽ റവന്യൂ ബോർഡ് നിർത്തലാക്കി.

റവന്യൂ ബോർഡ് നിർത്തലാക്കിയ ശേഷം റവന്യൂ വകുപ്പ് പുന:സംഘടിപ്പിക്കുകയുണ്ടായി. ജി.ഒ.(എം.എസ്.) 510/98/റവന്യൂ നമ്പർ പ്രകാരം 1998 നവംബർ 1 പ്രാബല്യത്തിൽ നിലവിൽ വന്ന പുനസംഘടനയുടെ അടിസ്ഥാനത്തിൽ റവന്യൂ ബോർഡിന്റെ സ്ഥാനത്ത് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് നിലവിൽ വരുകയും ലാൻഡ് റവന്യൂ കമ്മീഷണർ ചുമതല ഏൽക്കുകയും ചെയ്തു. പുന: സംഘടന റവന്യൂ വകുപ്പിന്റെ മുഖഛായ മാറ്റി മറിക്കുന്നതിന് സാഹചര്യമൊരുക്കി.

എല്ലാ വില്ലേജാഫീസർമാരുടേയും പദവി ഹെഡ് ക്ലാർക്ക്/റവന്യൂ ഇൻസ്‌പെക്ടർ പദവിക്ക് തുല്യമാക്കി. (മുമ്പ് ഇത് യു.ഡി.സി.ക്ക് തുല്യമായിരുന്നു.)

താലൂക്കാഫീസുകളിൽ അഡീഷണൽ തഹസിൽദാരെ നിയമിച്ചു. (നിലവിൽ ഭൂരേഖ തഹസിൽദാർ )

ഫർക്ക റവന്യൂ ഇൻസ്‌പെക്ടർ തസ്തിക (163 എണ്ണം) നിർത്തലാക്കുകയും പകരം അത്രയും ഡെപ്യൂട്ടി തഹസിൽദാർ തസ്തിക സൃഷ്ടിക്കുകയും ചെയ്തു.

കസബ വില്ലേജുകളിൽ ഒരു ക്ലാർക്ക്, ഒരു പ്യൂൺ എന്നീ തസ്തികകൾ പുതുതായി സൃഷ്ടിച്ചു.