റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255

വകുപ്പിനെക്കുറിച്ച്

Image

വകുപ്പിനെക്കുറിച്ച്

കേരളത്തിലെ പൊതു സമൂഹവുമായി ഏറ്റവും അടുത്ത് ഇടപഴകുന്നതും അവരുടെ ക്ഷേമ ദുരിത-നിവാരണ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇതര വകുപ്പുകളെക്കാളും നേരിട്ട് ബന്ധപ്പെടുന്നതും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്നതുമായ വകുപ്പുകളിലൊന്നാണ് റവന്യൂ വകുപ്പ്. 19000-ൽ അധികം ജീവനക്കാർ ജോലി നോക്കുന്ന സർക്കാരിന്റെ അതിബൃഹത്തായ ഒരു വകുപ്പ് ആണ് റവന്യൂ വകുപ്പ്. വിവിധ വകുപ്പുകളുടെ മാതാവ് എന്ന വിശേഷണവും റവന്യൂ വകുപ്പ് സ്വായത്തമാക്കിയിട്ടുണ്ട്. ഭൂനികുതിയും ഇതര നികുതി പിരിവുകളും, ഭൂസംരക്ഷണം, പ്രകൃതി വിഭവ പരിപാലനം, കനേഷുമാരി, തിരഞ്ഞെടുപ്പ്, പ്രകൃതി ക്ഷോഭ ദുരിതാശ്വാസം, വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കൽ, പൊതു ജനപരാതി പരിഹാരം, ക്രമസമാധാന പാലനം എന്നിങ്ങനെ എണ്ണമറ്റതും പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതമായ നിരവധി ചുമതലകളും കർത്തവ്യങ്ങളുമാണ് ഇന്ന് റവന്യൂ വകുപ്പിലർപ്പിതമായിട്ടുളളത്. കർത്തവ്യങ്ങളും പരിപാടികളും സ്വമേധയാ ഏറ്റെടുത്ത് നടത്തുന്നതിനുളള തൽപരത, സേവനം നൽകുന്നതിലെ കാര്യക്ഷമത, നൂതനമായ പദ്ധതികൾ നടപ്പിലാക്കൽ എന്നിവ റവന്യൂ വകുപ്പ് ഭംഗിയായി നിർവ്വഹിച്ചു വരുന്നു. സുതാര്യവും അഴിമതി രഹിതവും, പൊതുജന സൗഹൃദപരവും, ഉത്തരവാദിത്വപൂർണ്ണവുമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടേയും സമൂഹത്തിന്റേയും ക്ഷേമൈശ്വര്യങ്ങൾക്ക് വേണ്ടി പ്രവർത്തിത്തിക്കുകയെന്നതാണ് റവന്യൂ വകുപ്പിന്റെ പരമപ്രധാനമായ ദൗത്യം.

ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്

റവന്യൂ വകുപ്പിന്റെ ഘടനയിൽ ഏറ്റവും മുകളിൽ വരുന്ന ഓഫീസാണ് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്. ലാൻഡ് റവന്യൂ കമ്മീഷണറാണ് ഈ കാര്യാലയത്തിന്റെയും വകുപ്പിന്റെയും മേധാവി. ലാൻഡ് റവന്യൂ കമ്മീഷണറുടെ കീഴിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ പ്രവർത്തിച്ചു വരുന്നു.

കളക്ടറേറ്റ്

ഓരോ ജില്ലയിലും റവന്യൂ ഭരണത്തിന്റെ തലവൻ ജില്ലാ കളക്ടർ ആണ്. മജിസ്റ്റീരിയൽ അധികാരങ്ങൾ കൂടി നിർവ്വഹികക്കേണ്ടത് കൊണ്ട് ജില്ലാ കളക്ടർ ജില്ലാ മജിസ്ട്രേറ്റ് കൂടിയാണ്. കേരളത്തിൽ ആകെ 14 ജില്ലകൾ നിലവിൽ ഉണ്ട്. കേരളത്തിലെ 14 ജില്ലകളിലും സർക്കാരിന്റെ പ്രതിനിധിയായി ജില്ലാ കളക്ടർമാർ പ്രവർത്തിക്കുന്നു.

റവന്യൂ ഡിവിഷണൽ ഓഫീസ്

റവന്യൂ ഡിവിഷണൽ ഓഫീസിലെ ഭരണത്തലവൻ റവന്യൂ ഡിവിഷണൽ ഓഫീസർ ആണ്. മജിസ്റ്റീരിയൽ അധികാരങ്ങൾ കൂടി നിർവ്വഹിക്കുന്ന അദ്ദേഹം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയാണ്. കേരളത്തിൽ ആകെ 27 റവന്യൂ ഡിവിഷണൽ ഓഫീസുകൾ ഉണ്ട്.

വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളും

വകുപ്പിൻ കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് & ഡിസാസ്റ്റർ മാനേജ്മെന്റ് എന്ന പരിശീലനകേന്ദ്രം തിരുവനന്തപുരത്ത് പി.റ്റി.പി.നഗറിൽ പ്രവർത്തിക്കുന്നു.

താലൂക്ക് ഓഫീസ്

താലൂക്ക് ഭരണത്തിന്റെ തലവനാണ് തഹസിൽദാർ. കേരളത്തിൽ 78 താലൂക്കുകൾ ഉണ്ട്. താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജുകളിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടവും എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ കർത്തവ്യങ്ങളുടെ നിർവ്വഹണം തഹസിൽദാരുടെ പ്രധാന ചുമതലകളിൽപ്പെടുന്നു. ഭരണപരമായ ഇരുപത്തിഎട്ടു വിഷയങ്ങൾ അഡീഷണൽ തഹസിൽദാരുടെ ചുമതലയിലാണ്. ഭൂരേഖകളുടെ പരിപാലനത്തിനായി (ലാൻഡ് റെക്കോർഡ്സ് മെയിന്റനൻസ്) അഡീഷണൽ തഹസിൽദാരുടെ മേൽനോട്ടത്തിൽ താലൂക്ക് സർവ്വെ വിഭാഗം പ്രവർത്തിക്കുന്നു.

സൂപ്രണ്ട്, സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ

കേരള സംസ്ഥാനത്തിനാവശ്യമായ 10/- രൂപ, 20/- രൂപ എന്നീ മുഖവിലകളിലുളള നോൺ- ജുഡീഷ്യൽ, ജുഡീഷ്യൽ മുദ്രപത്രങ്ങൾ ഹൈദരാബാദ് സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സിൽ നിന്നും, 50/- രൂപ മുതൽ 25,000/- രൂപ വരെ മുഖവിലകളിലുളള നോൺ - ജുഡീഷ്യൽ, ജുഡീഷ്യൽ ഇനങ്ങളിലുളള മുദ്രപത്രങ്ങളും സ്റ്റാമ്പുകളും നാസിക് ഇൻഡ്യ സെക്യൂരിറ്റി പ്രസ്സിൽ നിന്നുമാണ് അച്ചടിക്കുന്നത്. അവ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ സൂപ്രണ്ട് മുഖാന്തിരം ശേഖരിച്ച് സൂക്ഷ്മ പരിശോധന നടത്തി 500 എണ്ണം വീതമുളള പ്രത്യേക കെട്ടുകളിലാക്കി ട്രഷറികൾക്കു നൽകുകയും അവ സംസ്ഥാനത്തെ എല്ലാ ട്രഷറികൾ മുഖാന്തിരം വിതരണം നടത്തുകയും ചെയ്യുന്നു.

റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ

റവന്യൂ ഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി റവന്യൂ ജീവനക്കാർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അന്വേഷിച്ച് സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുന്നതിലേയ്ക്കായി ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് കീഴിൽ 3 ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ വിജിലൻസ് ഓഫീസുകൾ പ്രവർത്തിക്കുന്നു.


തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണമേഖല വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ അധികാര പരിധി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം,ആലപ്പുഴ ജില്ലകളും, എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്ധ്യമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ അധികാര പരിധി ഇടുക്കി, എറണാകുളും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളും, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉത്തര മേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ അധികാര പരിധി വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുമാണ്.

ലാൻഡ് ബോർഡ്

യഥാർത്ഥ കർഷകന് കൃഷി ഭൂമി നൽകുകയും അതിലൂടെ പരമാവധി കാർഷികോൽപാദനം വർദ്ധിപ്പിക്കുക, തരിശായിട്ടുളളതും അല്ലാതെയുമുള്ള പരിധിയിൽ കവിഞ്ഞ ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്ത് കർഷകനും കുടിയാനും ജന്മാവകാശം നൽകുക എന്നതാണ് 1963-ലെ കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം. കേരള ഭൂപരിഷ്കരണ നിയമം പ്രാവർത്തികമാക്കുകയാണ് സംസ്ഥാന ലാൻഡ് ബോർഡിന്റെ പ്രധാന ലക്ഷ്യം. കേരള ഭൂപരിഷ്കരണ നിയമപ്രകാരം സംസ്ഥാനത്തെ ലാൻഡ് സീലിംഗ് കേസുകളുടെ തീർപ്പിനായി ലാൻഡ് റവന്യൂ കമ്മീഷണർ ഏകാംഗ തലവനായി സ്റ്റേറ്റ് ലാൻഡ് ബോർഡ് പ്രവർത്തിക്കുന്നു. ഈ പ്രവർത്തനങ്ങളിൽ സ്റ്റേറ്റ് ലാൻഡ് ബോർഡിനെ സഹായിക്കുന്നത് ലാൻഡ് ബോർഡ് സെക്രട്ടറിയാണ്. കൂടാതെ എല്ലാ ജില്ലകളിലും റവന്യൂ ഡിവിഷണൽ ഓഫീസർ/ഡെപ്യൂട്ടി കളക്ടർമാർ താലൂക്ക് ലാൻഡ് ബോർഡുകളായി പ്രവർത്തിക്കുന്നു. താലൂക്ക് ലാൻഡ് ബോർഡ്, ലാൻഡ് ട്രിബ്യൂണൽ, അപ്പലേറ്റ് അതോറിറ്റി എന്നീ ഓഫീസുകളുടെ ഭരണപരമായ മേൽനോട്ടം വഹിക്കുന്നതും സംസ്ഥാന ലാൻഡ് ബോർഡാണ്. മേൽപ്പറഞ്ഞ നടപടികൾ കൂടാതെ സർവ്വീസ് ഇനാം, ശ്രീപണ്ടാരവക, ശ്രീപാദം, കണ്ടുകൃഷി തുടങ്ങിയ പ്രത്യേക ഭൂമികളുടെ സെറ്റിൽമെന്റ് നടപടികളുടെ മേൽനോട്ടവും സംസ്ഥാന ലാൻഡ് ബോർഡാണ് നിർവ്വഹിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം)

റവന്യൂ വകുപ്പിൽ നിന്നുളള സേവനം കാര്യക്ഷമമായും കാലതാമസം കൂടാതെയും പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് ജീവനക്കാർക്ക് സമഗ്രമായ പരിശീലനം നൽകേണ്ടതുണ്ട്. 150-ൽ പരം നിയമങ്ങളും ചട്ടങ്ങളും കൈകാര്യം ചെയ്യുന്ന വകുപ്പായതിനാൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. ജീവനക്കാർക്ക് സമഗ്രമായ പരിശീലനങ്ങൾ നൽകാൻ ഉദ്ദേശിച്ചുകൊണ്ട് റവന്യൂ വകുപ്പിന്റെ കീഴിൽ ട്രാവൻകൂർ ലിറ്റററി സയന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട്, 1955 പ്രകാരം രജിസ്റ്റർ ചെയ്ത ഒരു സ്വയംഭരണ സ്ഥാപനമായി 1996-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് മാനേജ്മെന്റ് സ്ഥാപിതമായി. 2006 സെപ്തംബർ മാസത്തിൽ നടന്ന ഗവേണിംഗ് ബോഡി പ്രസ്തുത സ്ഥാപനത്തിന്റെ പേര് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നാക്കി മാറ്റാൻ തീരുമാനിക്കുകയും 22.01.2007-ലെ സർക്കാർ ഉത്തരവ് (എം.എസ്.നം.24/07/ഡി.എം.ഡി.) പ്രകാരം അത് നടപ്പിൽ വരുത്തുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിൽ നിന്ന് 8 കിലോമീറ്റർ മാറി പി.റ്റി.പി.നഗറിൽ തിരുമല വില്ലേജിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. പൊതു ആവശ്യത്തിന് സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ റവന്യൂ വകുപ്പിൽ നിന്നുളള സേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് റവന്യൂ-സർവ്വെ ജീവനക്കാരെ പരിശീലനത്തിലുടെ പ്രാപ്തരാക്കുക, വകുപ്പിന്റെ ഗുണപരമായ മാറ്റങ്ങൾക്ക് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നിവ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ചുമതലകളാണ്. ദുരന്ത നിവാരണ മേഖലയിൽ ഒരു നോഡൽ ഏജൻസിയായും ഐ.എൽ.ഡി.എം. പ്രവർത്തിക്കുന്നു. ബഹു.റവന്യൂ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായ ഗവേണിംഗ് ബോഡി, ലാൻഡ് റവന്യൂ കമ്മീഷണർ അദ്ധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റി, ആവശ്യമായ സന്ദർഭങ്ങളിൽ ഗവേണിംഗ് ബോഡി രൂപീകരിക്കുന്ന മറ്റ് സബ് കമ്മിറ്റികൾ എന്നീ സമിതികളിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണം നിക്ഷിപ്തമായിരിക്കുന്നത്. സർവ്വീസിൽ നേരിട്ട് പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്കുളള അടിസ്ഥാന പരിശീലനങ്ങൾക്ക് പുറമെ പ്രൊമോഷൻ വഴി വിവിധ ശ്രേണികളിൽ എത്തുന്ന ജീവനക്കാർക്കുളള തുടർ പരിശീലന പരിപാടികളും ഇവിടെ നടത്തി വരുന്നു. ഐ.എൽ.ഡി.എം.ന്റെ നേതൃത്വത്തിൽ കേന്ദ്രീകൃതമായും, ജില്ലാ ആസ്ഥാനങ്ങളിൽ വച്ചും, പത്തനംതിട്ട, മലപ്പുറം എന്നീ ജില്ലകളിലെ കമ്പ്യൂട്ടർ ലാബുകളിൽ വച്ചും പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രം (SEOC)

ഐ.എൽ.ഡി.എം-ൽ 2012-ൽ സ്ഥാപിതമാവുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംസ്ഥാന ദുരന്തസാദ്ധ്യത അപഗ്രഥന സെൽ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം കേന്ദ്ര ദുരന്തനിവാരണ നിയമം 2005 അനുസരിച്ച് ഉള്ള സംസ്ഥാന അടിയന്തിരഘട്ട കാര്യനിർവ്വഹണ കേന്ദ്രം (State Emergency Operation Centre) G.O(Rt) No.416/2014/DMD dated 20th January 2014 പ്രകാരം കേന്ദ്രസർക്കാർ അനുമതിയോടു കൂടി പുനഃസംഘടിപ്പിക്കപ്പെട്ടു. സംസ്ഥാനതലത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കേന്ദ്ര ദുരന്ത പ്രതികരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ കേന്ദ്ര സഹായങ്ങൾ ലഭ്യമാക്കുന്നതിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുഖ്യ സംവിധാനമായി പ്രവർത്തിക്കുക എന്നതാണ് എസ്.ഇ.ഒ.സിയുടെ ചുമതല. ദുരന്ത സമയങ്ങളിൽ സംസ്ഥാന അടിയന്തിരഘട്ട കമൻസർമാരായി നിർണ്ണയിക്കപ്പെട്ടിട്ടുള്ള ചീഫ് സെക്രട്ടറിയുടെയും, സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ആയ റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഒരു മെമ്പറിൻറെ കീഴിലാണ് ഈ കാര്യാലയം പ്രവർത്തിക്കുന്നത്. ദുരന്തങ്ങൾ സംസ്ഥാനത്തെ ബാധിക്കാത്ത സമയങ്ങളിൽ ദുരന്ത ആഘാതലഘൂകരണ പ്രവർത്തനങ്ങൾ ഈ കാര്യാലയത്തിൻറെ ആഭിമുഖ്യത്തിൽ നടത്തുന്നു. ദുരന്ത അപഗ്രഥനത്തിന് സംസ്ഥാനത്തെ ഏതൊരു സർക്കാർ സ്ഥാപനത്തിൽ നിന്നും ആവശ്യമായ ഏതൊരു രേഖയും പണം നൽകാതെ ആവശ്യപ്പെടാനും ശേഖരിക്കാനും ഉപയോഗിക്കാനുമുള്ള സവിശേഷ അധികാരം സർക്കാർ ഉത്തരവ് ജി.ഒ (ആർ.റ്റി) നം. 3250/2011/ഡി.എം.ഡി തീയതി 29.07.2011 പ്രകാരം ഈ കാര്യാലയത്തിന് നൽകിയിട്ടുണ്ട്.



ലക്ഷ്യങ്ങൾ

  1. സംസ്ഥാനത്തെ ദുരന്ത സാദ്ധ്യതകളുടെ നിരന്തര അപഗ്രഥനം
  2. ദുരന്ത പ്രവചനസാങ്കേതിക വിദ്യകളുടെ വികസനം
  3. ദുരന്ത വിവരശേഖരണം
  4. ദുരന്തലഘൂകരണ ഗവേഷണം
  5. ദുരന്തലഘൂകരണ ഗവേഷണ പ്രവർത്തനങ്ങൾക്കായി ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിക്കൽ
  6. സംസ്ഥാന-ജില്ലാ ദുരന്തനിവാരണ പ്ലാനുകൾ തയ്യാറാക്കൽ
  7. അടിയന്തിരഘട്ട പ്രവർത്തന ഏകോപനം
  8. ദുരന്തങ്ങൾ സംബന്ധിച്ച മെമ്മോറാണ്ടങ്ങൾ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നത്

Image

ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്,
റവന്യൂ കോംപ്ലക്സ്,
പബ്ലിക് ഓഫീസ് കെട്ടിടം , മ്യൂസിയം, തിരുവനന്തപുരം - 33


ഇ-ഗവേണൻസ് സംബന്ധിച്ച എല്ലാ അന്വേഷണങ്ങൾക്കും, ബന്ധപ്പെടുക   itcelclr.revenue@kerala.gov.in