റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255

പി.എം.യു

പി.എം.യു

Alt Text
രൂപീകരണം

റവന്യൂ, സർവ്വേ, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഭൂമിസംബന്ധമായ ഇടപാടുകളെല്ലാം ഒരു കുടക്കീഴിൽ നടപ്പിൽ വരുത്തുക എന്ന ലക്ഷ്യത്തോടെയും ഭാരത സർക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയത്തിൻ കീഴിലുള്ള ലാൻഡ് റിസോഴ്സ്സ് വകുപ്പ് നടപ്പിലാക്കുന്ന ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്‌സ് മോഡേണൈസേഷൻ പ്രോഗ്രാം (DILPRMP) എന്ന പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പു മുൻനിർത്തിയും കേരളാ ലാൻഡ് ഇൻഫർമേഷൻ മിഷൻ, കേരളാ സ്‌റ്റേറ്റ് ലാൻഡ് ബാങ്ക് എന്നീ പദ്ധതികളെ സംയോജിപ്പിച്ചു കൊണ്ട് കേരള ഭൂരേഖ നവീകരണ മിഷൻ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (KLRMMission) സ.ഉ. (എം. എസ്) നം. 236/2018/റവന്യു തീയ്യതി: 25-06-2018 പ്രകാരം രൂപീകരിച്ചു. വിവരസാങ്കേതിക വിദ്യയിലൂന്നി സമഗ്രവും, സുതാര്യവും, കാര്യക്ഷമവുമായ ഭൂരേഖ പരിപാലനം ലക്ഷ്യമിട്ടുകൊണ്ടാണ് പ്രസ്തുത മിഷൻ രൂപീകരിച്ചിട്ടുള്ളത്.


വീക്ഷണം

ലാന്‍ഡ് റവന്യൂ, സർവേ, റെക്കോർഡ് മാനേജ്മെന്റ് എന്നിവയിൽ പൗരന്മാരെ കേന്ദ്രീകരിച്ച് ജനങ്ങൾക്ക് സൗഹാർദ്ദപരമായ ഭരണം നൽകുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

ദൗത്യം

ഏറ്റവും പുതിയ ഐസിടി സാങ്കേതികവിദ്യകൾ സ്വീകരിച്ച് സമയബന്ധിതവും തൃപ്തികരവുമായ സേവനങ്ങൾ നൽകുക എന്നതാണ് വകുപ്പിന്റെ ദൗത്യം . കമ്പ്യൂട്ടറൈസേഷൻ ഡിജിറ്റൈസേഷൻ, ഓട്ടോമേഷൻ, ഡിജിറ്റൽ റിസർ‌വെ, പ്രോസസ് റീ-എഞ്ചിനീയറിംഗ്, തടസ്സമില്ലാത്ത ഭരണത്തിന് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൃത്യവും, കാര്യക്ഷമവുമായി ഭൂസംബന്ധമായ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഭൂരേഖാ പരിപാലനത്തിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക, പോക്കുവരവിന്റെ എല്ലാ നടപടികളും ഓൺലൈൻ സംവിധാനത്തിൽ കൊണ്ടുവരിക എന്നതിനോടൊപ്പം സർവ്വെ, റവന്യൂ, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളുടെ സംയോജിതമായ പ്രവർത്തനവും ലക്ഷ്യം വെക്കുന്ന ഈ മിഷന് സംസ്ഥാനത്തെ ഭൂരേഖകളുടെ ആധുനിക വത്കരണത്തിൽ സുപ്രധാനമായ പങ്കാണ് വഹിക്കുവാനുള്ളത്. സംസ്ഥാനത്ത് ഭൂമിയുടെ വർദ്ധിച്ച തോതിലുള്ള ആവശ്യകത, വിനിയോഗം, ക്രയവിക്രയങ്ങൾ മുതലായവ ഭൂരേഖ പരിപാലനം കൂടുതൽ കൃത്യവും, കാര്യക്ഷമവുമാക്കേണ്ടതിന്റെ ആവശ്യം വിളിച്ചോതുന്നു. പ്രധാനമായും റവന്യൂ, സർവ്വേ , രജിസ്‌ട്രേഷൻ മുതലായ വകുപ്പുകളിലൂടെ നിലവിൽ നടപ്പാക്കിവരുന്ന ഭൂമിസംബന്ധമായ വിവിധ സേവനങ്ങളും, പദ്ധതികളും ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ടത് ഭൂരേഖ പരിപാലനത്തിന് അത്യാവശ്യമാണ്. പ്രസ്തുത ആവശ്യം മുൻനിർത്തി എല്ലാ സർക്കാർ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കി വിവരസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഭൂരേഖകൾ ആധുനീകരിക്കുന്നതിനും സേവനങ്ങൾ ഏകീകൃത സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ ഏറ്റവും സുതാര്യതയോടെയും, കുറ്റമറ്റ രീതിയിലും ഓൺലൈൻ ആയിതന്നെ ജനങ്ങളിലേക്ക് എത്തിക്കുവാനും ലക്ഷ്യമിടുന്നു.

റവന്യൂ സർവ്വെ രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഭൂരേഖ പരിപാലനത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുക.

ഭൂ രജിസ്‌ട്രേഷൻ നടപടികൾ ആധുനികവത്കരിക്കുക.

ഭൂമി പോക്കുവരവിന്റെ എല്ലാ നടപടികളും ഓൺലൈൻ സംവിധാനവുമായി സംയോജിപ്പിക്കുക.

ഭൂരേഖ പരിപാലനത്തിനായി ഇൻഫർമേഷൻ ടെക്‌നോളജിയിലധിഷ്ഠിതമായ ചട്ടക്കൂടുകൾ നിർണ്ണയിക്കുക.

ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS), ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) മുതലായ നൂതന മാപ്പിംഗ് സങ്കേതങ്ങൾ അവലംബിച്ച് കഡാസ്ട്രൽ സർവ്വെ ആധുനീകരിക്കുക.

സർവ്വെ ഡിജിറ്റൈസേഷൻ നടപടികൾ ഏകോപിപ്പിക്കുക.

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻ പ്രോഗ്രാം നടത്തിപ്പിനായുള്ള സംസ്ഥാനത്തെ നോഡൽ ഏജൻസിയായി വർത്തിക്കുക.

ഭരണ നിർവ്വഹണം

മിഷൻ്റെ ഭരണ നിർവ്വഹണം സാധ്യമാക്കുന്നതിന് പ്രധാനമായും രണ്ടു ഭരണ സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്.

ഗവേണിംഗ് ബോഡി

ബഹു. മുഖ്യമന്ത്രി ചെയർമാനായും, ബഹു റവന്യൂ, രജിസ്‌ട്രേഷൻ എന്നീ വകുപ്പ് മന്ത്രിമാർ വൈസ് ചെയർമാന്മാരുമായുള്ള മിഷന്റെ ഗവേർണിംഗ് ബോഡിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. മെമ്പർമാരായി ചീഫ് സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി, വനം വന്യജീവി വകുപ്പ് സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, ഐ.റ്റി. സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, സർവ്വെ ഡയറക്ടർ, ഇൻസ്‌പെക്ടർ ജനറൽ രജിസ്‌ട്രേഷൻ എന്നിവരും മെംബർസെക്രട്ടറിയായി റവന്യൂ വകുപ്പ് സെക്രട്ടറിയും ഉണ്ട്. സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് അധികാരപ്പെട്ട പരമോന്നത ഭരണ സമിതിയാണ് മിഷന്റെ ഗവേർണിംഗ് ബോഡി.

എക്‌സിക്യൂട്ടീവ് കമ്മിറ്റി

മിഷന്റെ പ്രവർത്തനങ്ങളുടെ നടത്തിപ്പിനു ചുമതലപ്പെട്ട ഈ കമ്മറ്റിയുടെ ചെയർമാൻ റവന്യൂ വകുപ്പ് സെക്രട്ടറിയാണ്. വൈസ് ചെയർമാനായി മിഷൻ ഡയറക്ടർ കൂടിയായ ലാൻഡ് റവന്യൂ കമ്മീഷണറെയും മെംബർമാരായി ധനകാര്യ സെക്രട്ടറിയേയും, സർവ്വെ ഡയറക്ടറേയും, ഇൻസ്‌പെക്ടർ ജനറൽ രജിസ്‌ട്രേഷനേയും, ഐ.റ്റി. മിഷൻ ഡയറക്ടറേയും, സ്‌റ്റേറ്റ് ഇൻഫർമാറ്റിക്‌സ് ഓഫീസർ എൻ. ഐ.സി യേയും, ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണറേയും, സർവ്വെ അഡീഷണൽ ഡയറക്ടറെയും നിയോഗിച്ചിട്ടുണ്ട്.




ഉദ്ദേശ ലക്ഷ്യങ്ങൾ

സംസ്ഥാന സർക്കാരിൽ ഡിജിറ്റൽ ഭൂരേഖകൾ തയാറാക്കുന്ന വിവിധ പദ്ധതികളുടെ നോഡൽ ഏജൻസിസയായി വർത്തിക്കുക.

ഭൂസർവ്വേ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നല്കുക.

കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻ പ്രോഗ്രാം നടത്തിപ്പിനായുള്ള സംസ്ഥാനത്തെ നോഡൽ ഏജൻസിയായി വർത്തിക്കുക.

ഡിജിറ്റൽ ലാൻഡ് സർവ്വേക്കുവേണ്ടി അനുയോജ്യമായ ഏജൻസികളെ കണ്ടെത്തുകയും നിയോഗിക്കുകയും വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ചട്ടക്കൂടുകൾ തയ്യാറാക്കുകയും അന്തിമമാക്കുകയും ചെയ്യുക.

ഭൂരേഖ പരിപാലനത്തിന് ലളിതവും, സുതാര്യവുമായ നൂതന മാർഗ്ഗങ്ങൾ അവലംബിക്കുക.

സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയുടെ ഭൂമികൾ സംരക്ഷിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നല്കുക.

സംസ്ഥാന സർക്കാരിന് ഭൂമിസംബന്ധിയായ എല്ലാ കാര്യങ്ങളിലും വേണ്ടതായ നിയമപരവും, സാങ്കേതികവുമായ ഉപദേശങ്ങൾ നല്കുകയും ഭൂമി സംബന്ധമായ എല്ലാ പദ്ധതികളുടെയും മേൽനോട്ടം വഹിക്കുകയും ചെയ്യുക.

സർക്കാർ നിർദ്ദേശത്തിന് വിധേയമായി സർക്കാർ ഭൂമികളുടെ ചിട്ടയായ നിരീക്ഷണവും, സംരക്ഷണവും ഉറപ്പാക്കുക.

ഭൂമി സംബന്ധമായ കാര്യങ്ങളിൽ റവന്യൂ, സർവ്വേ, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകൾക്ക് പുതിയ നിയമങ്ങൾ, നിയമഭേദഗതികൾ എന്നിവ തയ്യാറാക്കുവാൻ സംസ്ഥാന സർക്കാരിനെ സഹായിക്കുക.

ഭൂരേഖകളുടെ കാലോചിതമായ സംരക്ഷണത്തിനായി നവീന രീതിയിലുള്ള റെക്കാർഡ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറികൾ, വെബ് മാനേജ് മെൻ്റ് സെൻ്ററുകൾ, ഡാറ്റാ സെൻ്ററുകൾ എന്നിവ നിർമ്മിക്കുക.

ഭൂസംബന്ധമായ വിവിധ ട്രെയിനിംഗുകൾ, സെമിനാർ, വർക്ക് ഷോപ്പുകൾ, ചർച്ചകൾ മുതലായവയിലൂടെ ബന്ധപ്പെട്ട വകുപ്പുകളെ ശാക്തീകരിക്കുക.

ഭൂമി സംബന്ധമായ പദ്ധതികളുടെ കൺസൾട്ടൻസി ജോലികൾ ദേശീയമോ, അന്തർദേശീയമോ ആയ ഏതൊരു ഏജൻസിക്കു വേണ്ടിയും നിശ്ചിത ചാർജ്ജ് ഈടാക്കിക്കൊണ്ട് നടപ്പാക്കി നല്കുക.

സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും ഇതര ഏജൻസികളിൽ നിന്നും ഫണ്ടുകൾ ലഭ്യമാക്കുക.

സ്‌പേഷ്യൽ (മാപ്പ്), ടെക്‌സ്ച്യുൽ (വിവരങ്ങൾ) എന്നിവ നിർമ്മിക്കുകയും, പുതുക്കുകയും കൂടാതെ വിവിധ വകുപ്പുകളുടെ ഉപയോഗത്തിനായി കേന്ദ്രീകൃതമായ ഒരു ഡാറ്റാബേസ് സൂക്ഷിക്കുകയും ചെയ്യുക.

ഏതൊരു ഏജൻസിയുടെയും ഭൂരേഖ നവീകരണത്തിന് പര്യാപ്തമായ ഡാറ്റബേസുകൾ സൂക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.

വിവിധ സർക്കാർ ഏജൻസികൾ മുഖാന്തിരം ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS), ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) മുതലായ നൂതന മാപ്പിംഗ് സങ്കേതങ്ങൾ അവലംബിച്ച് ശേഖരിച്ച ഡാറ്റ സൂക്ഷിക്കുക, അവ വിതരണം ചെയ്യുക.

Image

ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്,
റവന്യൂ കോംപ്ലക്സ്,
പബ്ലിക് ഓഫീസ് കെട്ടിടം , മ്യൂസിയം, തിരുവനന്തപുരം - 33


ഇ-ഗവേണൻസ് സംബന്ധിച്ച എല്ലാ അന്വേഷണങ്ങൾക്കും, ബന്ധപ്പെടുക   itcelclr.revenue@kerala.gov.in