റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255

പദ്ധതികൾ

സംയോജിത ഓണ്‍ലൈൻ പോക്കുവരവ് (Online mutation)

ഭൂസംബ'മായി റവന്യൂ, രജിസ്‌ട്രേഷൻ, സര്‍വ്വേ വകുപ്പുകൾ നല്‍കുന്ന സേവനങ്ങളെ പരസ്പരം ബന്ധപ്പെടുത്തി, കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ പോക്കുവരവ് ഓണ്‍ലൈൻ മുഖേന സാധ്യമാക്കുന്നു. ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ വസ്തുവിന്റെ പോക്കുവരവ് നടപടികള്‍ വേഗത്തിലും, സുതാര്യമായും, കുറ്റമറ്റ രീതിയിലും നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടുകൂടിയാണ് സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ് പദ്ധതി നടപ്പിലാക്കുന്നത്. 1649 വില്ലേജുകളിൽ ഓണ്‍ലൈൻ പോക്കുവരവ് സംവിധാനം ഒരുക്കി കഴിഞ്ഞിട്ടുണ്ട്. വ്യക്തിയുടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പ്രസ്തുത ഭൂമിയുമായി ബ'പ്പെട്ട വിവരങ്ങള്‍ online മുഖേന അറിയാന്‍ കഴിയുന്ന സംവിധാനം ഇതിൻറെ ഭാഗമായി നിലവിൽ വന്നിട്ടുള്ളതാണ്.

ഓണ്‍ലൈൻ പോക്കുവരവ്

രജിസ്‌ട്രേഷൻ വകുപ്പിൽ ഓണ്‍ലൈനായി ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്കുവരവിനാവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പോക്കുവരവിനുള്ള അപേക്ഷ (ഫാറം 1ബി) ഭൂമി കൈമാറ്റം ചെയ്യപ്പെടുന്ന വില്ലേജ് ഓഫീസിലേയ്ക്ക് ഓണ്‍ലൈനായി ലഭിക്കുന്നു. വില്ലേജ് ഓഫീസര്‍ക്ക് രജിസ്‌ട്രേഷൻ വകുപ്പിൽ നിന്നുള്ള വിവരങ്ങളും (വസ്തു വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും വിവരങ്ങള്‍) ലാന്‍ഡ് റെക്കോര്‍ഡ്‌സ് വിവരങ്ങളും ഒരേ വെബ് പേജിൽ ലഭ്യമാകും. വിവരങ്ങള്‍ പരസ്പരം പൊരുത്തപ്പെടുകയും ട്രാന്‍സ്ഫർ ഓഫ് രജിസ്ട്രി ചട്ടപ്രകാരം മറ്റു നിയമതടസ്സങ്ങള്‍ ഒന്നും തന്നെയില്ലെങ്കിൽ അന്നേ ദിവസം തന്നെ വില്ലേജ് ഓഫീസര്‍ സബ്ഡിവിഷന്‍ ആവശ്യമില്ലാത്ത അപേക്ഷകൾ പോക്കുവരവ് ചെയ്യുകയും ReLIS മുഖേന കക്ഷിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് പോക്കുവരവ് നടപടികള്‍ പൂര്‍ത്തീകരിച്ച വിവരം അറിയിക്കുകയും ചെയ്യുന്നു. പോക്കുവരവിനു വിധേയമാകുന്ന സര്‍വ്വേ നമ്പരിലുള്ള ഭൂമിയുടെ എല്ലാ വിവരങ്ങളും ലാന്‍ഡ് റെക്കോര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ നാളതീകരിക്കപ്പെടുകയും ചെയ്യും. സബ്ഡിവിഷന്‍ ആവശ്യമുള്ള പോക്കുവരവ് അപേക്ഷകള്‍ വില്ലേജ് ഓഫീസർ പരിശോധിച്ച് തഹസീല്‍ദാര്‍ക്ക് അയയ്ക്കുന്നു. ആധാരങ്ങള്‍ രജിസ്റ്റർ ചെയ്യുമ്പോൾ സംഭവിക്കുന്ന പിഴവുകള്‍, ലാന്‍ഡ് റെക്കോര്‍ഡ്‌സ് വിവരങ്ങൾ പൊരുത്തപ്പെടാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ അപേക്ഷ ഹോള്‍ഡ് ചെയ്യാനുള്ള സൗകര്യവും ReLIS -ല്‍ ലഭ്യമാണ്. ReLIS സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലൂടെ, ട്രാന്‍സ്ഫർ ഓഫ് രജിസ്ട്രി ചട്ടങ്ങളില്‍ അനുശാസിക്കുന്ന രീതിയിൽ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും സംസ്ഥാനത്തെ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം കൃത്യമായും സുസ്ഥിരമായും സുതാര്യമായും സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പൊതുസമൂഹത്തിന് കാര്യക്ഷമമായ സേവനം ഉറപ്പുവരുത്താനും സാധിക്കും.

സ്മാര്‍ട്ട് റവന്യൂ ഓഫീസ്

നവീന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി സുതാര്യമായും, കാലതാമസം കൂടാതേയും പൗരന്മാര്‍ക്ക് സേവനം പ്രദാനം ചെയ്യുക എന്നതാണ് സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഉദ്ദേശ്യം. ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെയുള്ള സര്‍ട്ടിഫിക്കറ്റ് സേവനങ്ങൾ, സംയോജിത ഓണ്‍ലൈൻ പോക്കുവരവ്, ഓണ്‍ലൈൻ ടാക്‌സ് പേയ്‌മെൻറ് തുടങ്ങിയവ സ്മാര്‍ട്ട് റവന്യൂ ഓഫീസിന്റെ ഭാഗമായി നടപ്പിലാക്കുന്നു. റവന്യൂ വകുപ്പിലെ വിവിധ സാമ്പത്തിക സേവനങ്ങള്‍ ക്രോഡീകരിച്ച് സത്വരവും സുതാര്യവുമായ റവന്യൂ ഭരണത്തിന് കളമൊരുക്കുവാൻ സ്മാര്‍ട്ട് റവന്യൂ ഓഫീസ് സഹായിക്കുന്നു.

മോഡേണ്‍ റിക്കാര്‍ഡ് റൂം

റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന വിലപ്പെട്ട രേഖകള്‍ കാലഹരണപ്പെടാതെ സൂക്ഷിക്കുവാന്‍ നവീന മാതൃകയിലുളള റിക്കാര്‍ഡ് റൂമുകള്‍ സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 9 ജില്ലകളിൽ മോഡേൺ റിക്കാര്‍ഡ് റൂമുകൾ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ സംയോജിത ലാന്‍ഡ് റെക്കോര്‍ഡ്‌സ് പദ്ധതിയുടെ ഭാഗമായി ലാന്‍ഡ് അസൈന്‍മെന്റ്, ലാന്‍ഡ് അക്വിസിഷൻ, ലാന്‍ഡ് റിലിംഗ്ക്വിഷ്‌മെൻറ്, ലാന്‍ഡ് റെക്കോര്‍ഡ്‌സ് മെയിന്റനന്‍സ്, ലാന്‍ഡ് ലീസ്, പബ്ലിക് ലാന്‍ഡ് ഇന്‍വെന്ററി, ഫെയര്‍വാല്യൂ ഇന്റഗ്രേഷന്‍, ഡാറ്റാ ബാങ്ക് ഇന്റഗ്രേഷന്‍, ജി.ഐ.എസ് മാപ്പുകളുമായുള്ള ഇന്റഗ്രേഷന്‍, ഇ-നാള്‍വഴി മുതലായ റവന്യൂ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനായുള്ള റവന്യൂ പോര്‍ട്ടലും പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി പ്രോജക്ട് മോണിറ്ററിംഗ് സംവിധാനവും, ഇന്‍സ്‌പെക്ഷന്‍ ഓഡിറ്റിംഗ് സംവിധാനം (ഇ-ജമാബന്ദി), അസെറ്റ് മാനേജ്‌മെന്റ് സംവിധാനം എന്നീ പദ്ധതികളും തയ്യാറാക്കി വരുന്നു.

Image

ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്,
റവന്യൂ കോംപ്ലക്സ്,
പബ്ലിക് ഓഫീസ് കെട്ടിടം , മ്യൂസിയം, തിരുവനന്തപുരം - 33


ഇ-ഗവേണൻസ് സംബന്ധിച്ച എല്ലാ അന്വേഷണങ്ങൾക്കും, ബന്ധപ്പെടുക   itcelclr.revenue@kerala.gov.in